ലണ്ടൻ: കോടികൾ ചെലവിട്ടു നിർമിക്കുന്ന പദ്ധതിയുടെ പാത സിനിമയിലെ ഒരു സാങ്കൽപ്പിക കഥാപാത്രത്തിന്റെ സ്മാരകത്തിനുവേണ്ടി മാറ്റുകയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസമായിരിക്കും. എന്നാൽ സംഗതി സത്യമാണ്! ബ്രിട്ടനെയും അയർലൻഡിനെയും ബന്ധിപ്പിക്കുന്ന 580 ദശലക്ഷം ഡോളറിന്റെ (ഏകദേശം 4,800 കോടിയിലധികം രൂപ) കടലിനടിയിലൂടെയുള്ള കേബിൾ പദ്ധതിയുടെ പാതയാണ് ''''ഹാരി പോട്ടർ'''' ആരാധകരുടെ എതിർപ്പിനെത്തുടർന്ന് അധികൃതർ തിരിച്ചുവിട്ടത്.
ഹാരി പോട്ടർ സിനിമകളിലെ ജനപ്രിയ കഥാപാത്രമായ ''ഡൊബി'' എന്ന വീട്ടുഭൂതം മരിച്ചുവീഴുന്നതായി ചിത്രീകരിച്ചത് വെയിൽസിലെ ഫ്രഷ്വാട്ടർ വെസ്റ്റ് ബീച്ചിലായിരുന്നു. സിനിമ റിലീസ് ചെയ്തതിനു പിന്നാലെ ലോകമെമ്പാടുമുള്ള ആരാധകർ ഈ തീരത്തെത്തുകയും ഡൊബിക്കായി ഒരു പ്രതീകാത്മക സ്മാരകം നിർമിക്കുകയും ചെയ്തു. കൊച്ചുകല്ലുകളിൽ വികാരഭരിതമായ സന്ദേശങ്ങൾ എഴുതിയും വസ്ത്രങ്ങളും സോക്സുകളും വച്ചും ആരാധകർ ഈ തീരം ഡൊബിയുടെ ഓർമ നിലനിർത്തുന്ന ഇടമാക്കി മാറ്റി.
എന്നാൽ, ഇരുരാജ്യങ്ങൾക്കുമിടയിൽ പുനരുപയോഗ ഊർജം പങ്കുവയ്ക്കാനായി കേബിൾ ഇടാൻ എറ്റ്ചെ എനർജി എന്ന കമ്പനി പദ്ധതിയിട്ടപ്പോൾ ഈ സ്മാരകം തകരുമെന്ന അവസ്ഥയായി. വിവരം വാർത്തകളിലൂടെ പുറത്തുവന്നതോടെ കമ്പനി സിഇഒ സൈമൺ ലുഡ്ലാമിന്റെ ഫോണിലേക്ക് ആരാധകരുടെ ഫോൺകോളുകളുടെ പ്രളയമായിരുന്നു. ആദ്യമൊന്നും എനിക്കു സംഭവം മനസിലായില്ല.
ആരാണ് ഈ ഡൊബി, ഇല്ലാത്ത ഒരു കഥാപാത്രത്തിനുവേണ്ടി എന്തിനാണ് ഇത്ര ബഹളം എന്നൊക്കെയാണു ഞാൻ കരുതിയത്. എന്നാൽ ആരാധകരുടെ വികാരം എത്രത്തോളം ഗൗരവമുള്ളതാണെന്ന് വൈകാതെ ബോധ്യപ്പെട്ടു''-സിഇഒ തമാശരൂപേണ ഓർത്തെടുക്കുന്നു.
തീരദേശ വിനോദസഞ്ചാരത്തെയും ആരാധകരുടെ വികാരങ്ങളെയും മാനിച്ച കമ്പനി, സ്മാരകത്തിന് യാതൊരു കേടുപാടും വരാത്ത രീതിയിൽ കേബിൾ പാത തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. എന്തായാലും ഒരു സിനിമാ കഥാപാത്രത്തോടുള്ള സ്നേഹം കാരണം കോടികളുടെ പദ്ധതിയുടെ പാതതന്നെ മാറ്റിയെഴുതിയ സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.